Friday, 22 January 2016

ഖുര്‍ആന്‍ പഠനം - ഒരു മുഖവുര


പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍

അല്ലാഹുവിന് സര്‍വ്വ സ്തുതിയും. അവന്‍ മനുഷ്യനെ സൃഷ്ടിച്ചു. അവനെ ഉല്‍കൃഷ്ടസൃഷ്ടിയാക്കുകയും, ഇതര സൃഷ്ടികള്‍ക്കില്ലാത്ത അനേകം സവിശേഷതകള്‍ നല്‍കി അവനെ അനുഗ്രഹിക്കുകയും, അവന്റെ ഇരുലോക നന്മകള്‍ക്കു വേണ്ട എല്ലാമാര്‍ഗ നിര്‍ദ്ദേശങ്ങളും കനിഞ്ഞേകുകയും ചെയ്തിരിക്കുന്നു. അക്കുട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ട അനുഗ്രഹമത്രെ വിശുദ്ധ ക്വ ുര്‍ആന്‍. അല്ലാഹുവിന് സര്‍വ്വസ്തുതിയും. നബി മുഹമ്മദ് മുസ്ത്വഫാ തിരുമേനി (സ) ക്ക് അവന്‍ ക്വുര്‍ആന്‍ അവതരിപ്പിച്ചു. അതുമുഖേന സജ്ജനങ്ങള്‍ക്ക് സുവിശേഷവും ദുര്‍ജ്ജനങ്ങള്‍ക്ക് താക്കീതും നല്‍കുവാനായി തിരുമേനിയെ തന്റെ തിരുദൂതനാക്കി നിയോഗിച്ചു. പ്രസ്തുത കര്‍ത്തവ്യം അവിടുന്ന് തികച്ചും നിറവേറ്റി. ദൗത്യം വേണ്ടതുപോലെ നിര്‍വ്വഹിച്ചു. സത്യമാര്‍ഗം ലോകത്തിന് തുറന്നുകാട്ടി. അസത്യമാര്‍ഗങ്ങള്‍ ചുണ്ടിക്കാട്ടികൊടുത്തു.

മനുഷ്യാരംഭം മുതല്‍ തുടര്‍ന്നു കൊണ്ടിരുന്ന പ്രവാചകത്വത്തിന്റെയും, ദിവ്യ ദൗത്യത്തിന്റെയും ശൃംഖല നബി തിരുമേനിയോടുകൂടി അല്ലാഹു അവസാനിപ്പിച്ചിരിക്കുന്നു. ഇനി ഒരു പ്രവാചകന്റെ നിയമനത്തിനോ ഒരു വേദഗ്രന്ഥത്തിന്റെ അവതരണത്തിനോ ആവശ്യം നേരിടാത്തവണ്ണം വിശുദ്ധ ക്വുര്‍ആനെ ലോകാവസാനം വരെ നിലനിര്‍ത്തുന്നതാണെന്ന് അവന്‍ പ്രഖ്യാപിച്ചിരിക്കുന്നു. ആ അന്ത്യപ്രവാചകനായ മുഹമ്മദ് നബി (സ) തിരുമേനിക്കും, അദ്ദേഹത്തിലും അദ്ദേഹം കൊണ്ടുവന്ന ആ ദിവ്യ ഗ്രന്ഥത്തിലും സുദൃഢമായി വിശ്വസിക്കുകയും അദ്ദേഹത്തിന്‍റെ പ്രബോധന മാര്‍ഗത്തില്‍ സര്‍വ്വാത്മനാ അദ്ദേഹത്തെ സഹായിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ സഖാക്കളായ സ്വഹാബികള്‍ക്കും, വിശുദ്ധ ക്വുര്‍ആന്റെയും പ്രവാചകചര്യയുടെയും അടിസ്ഥാനത്തില്‍ അവരെ മാതൃകയായി സ്വീകരിച്ചുകൊണ്ട് ജീവിതോദ്ദേശ്യം സഫലമാക്കിയ എല്ലാ സജ്ജനങ്ങള്‍ക്കും അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും ശാന്തിയും സമാധാനവും സദാ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
ആമീന്‍.

ക്വുര്‍ആനെ സംബന്ധിച്ചിടത്തോളം അതിനൊരു ആമുഖമോ, പീഠികയോ ആവശ്യമില്ല. അത് മനുഷ്യ സാധ്യവുമല്ല. ക്വുര്‍ആനെയും അതിലെ ഉള്ളടക്കങ്ങളെയും സംബന്ധിച്ചും അതിന്‍റെ വ്യാഖ്യാനം, വിവരണം, പരിഭാഷ മുതലായവയെ സംബന്ധിച്ചും, നമ്മുടെ ഈ ഗ്രന്ഥത്തെ സംബന്ധിച്ചും അറിഞ്ഞിരിക്കേ ചില പ്രധാന വിഷയങ്ങള്‍ വായനക്കാരെ മുന്‍കൂട്ടി ഓര്‍മപ്പെടുത്തുക മാത്രമാണ് ഈ മുഖവുരകൊണ്ടുദ്ദേശ്യം. വാസ്തവത്തില്‍ ഈ മുഖവുരയിലെ വിഷയങ്ങള്‍ മിക്കവാറും വെവ്വേറെ വിസ്തരിച്ചു പ്രതിപാദിക്കപ്പെടേണ്ടവയാകുന്നു. മിക്കതിലും പല മഹാന്മാരും പ്രത്യേകമായി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുമുണ്ട്. സ്ഥലകാല ദൈര്‍ഘ്യത്തെ ഭയന്നു വിശദീകരണത്തിന് മുതിരാതിരിക്കുകയാണ്.

അല്ലാഹു നമുക്ക് സത്യം ഗ്രഹിക്കുവാനുള്ള തൗഫീക്വും മാര്‍ഗദര്‍ശനവും നല്‍കട്ടെ! ഈ ഗ്രന്ഥത്തില്‍ വന്നേക്കാവുന്ന അബദ്ധങ്ങള്‍ അവന്‍ മാപ്പ് ചെയ്തുതരികയും, പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദവും അവന്റെ സല്‍പ്രീതിക്കു കാരണവുമായ ഒരുസല്‍ക്കര്‍മമായി ഇതിനെ അംഗീകരിക്കുകയും ചെയ്യട്ടെ! ആമീന്‍!

അന്ത്യപ്രവാചകന്‍ മുഹമ്മദ് തിരുമേനി (സ) ക്കു 40-ാം വയസ്സില്‍ പ്രവാചകത്വം ലഭിച്ചതു മുതല്‍ 63 -ാം വയസ്സില്‍ അവിടുത്തെ വിയോഗമുണ്ടായതുവരെയുള്ള കാലഘട്ടത്തില്‍ - പല സന്ദര്‍ഭങ്ങളിലായി - അല്ലാഹു അവതരിപ്പിച്ചു കൊടുത്തിട്ടുള്ള ഒരു വേദഗ്രന്ഥമത്രെ വിശുദ്ധ ക്വുര്‍ആന്‍. 'മുസ്വ്ഹഫ്' എന്ന പേരില്‍ അറിയപ്പെടുന്ന ഈ വിശുദ്ധ ഗ്രന്ഥം ഇന്ന് ലോകത്തിന്റെ ഏതു മൂലയിലും കാണാവുന്നതാണ്. ഏതൊരു മുസ്‌ലിമിന്റെ വീട്ടിലും അതിന്റെ ഒരു പ്രതിയെങ്കിലും കാണാതിരിക്കുക വിരളമാകുന്നു. ഇത്രയധികം പ്രതികള്‍ ലോകത്തു വെളിപ്പെട്ടിട്ടുള്ള മറ്റൊരു മതഗ്രന്ഥവും ഇല്ലെന്നു പറയാം.

ചെറുതും വലുതുമായി 114 അദ്ധ്യായങ്ങളും (സൂറത്തുകളും) 6000ത്തില്‍ പരം വചനങ്ങളും (ആയത്തുകളും) 77,000 ത്തില്‍ പരം പദങ്ങളും (കലിമത്തുകളും) 3,20,000 ത്തിലധികം അക്ഷരങ്ങളും അതുള്‍ക്കൊള്ളുന്നു. ഏകദേശം സമവലിപ്പത്തിലുള്ള 30 ഭാഗങ്ങളായി (ജുസ്ഉകളായി) അത് ഭാഗിക്കപ്പെട്ടിരിക്കുന്നു. സൂറത്തുകളുടെ ചെറുപ്പവലിപ്പങ്ങള്‍ക്കനുസരിച്ചും, വിഷയങ്ങളെ ആസ്പദമാക്കിയും പല വിഭാഗങ്ങള്‍  (റുകൂഉകള്‍) ആയി വീണ്ടും അവ വിഭജിക്കപ്പെട്ടിരിക്കുന്നു. ഒരു മാസംകൊണ്ട ക്വുര്‍ആന്‍ ഒരാവര്‍ത്തി (ഒരു ഖതം) പാരായണം ചെയ്തു തീര്‍ക്കുന്ന വര്‍ക്കും, നമസ്‌കാരത്തില്‍ ഓരോ റക്അത്തിലും കുറേശ്ശെ ഓതി വരുന്നവര്‍ക്കും ഈ വിഭജനങ്ങള്‍ വളരെ പ്രയോജനകരമാകുന്നു. കൂടാതെ, ജുസ്ഉകള്‍ പകുതി (നിസ്വ്ഫു)കളായും, കാലു(റുബുഉ്)കളായും മറ്റും ഭാഗിക്കപ്പെട്ടിട്ടുണ്ട്. ഇതെല്ലാം സാധാരണ മുസ്വ്ഹഫുകളില്‍ അടയാളപ്പെടുത്തിക്കാണാവുന്നതാണ്. ഇതിനെല്ലാം പുറമെ 1/8, 1/7, 1/4, 1/2 എന്നിങ്ങനെയും ഭാഗിച്ചു അടയാളപ്പെടുത്തപ്പെട്ടിട്ടുമുണ്ട്. ക്വുര്‍ആന്‍ പാരായണം ചെയ്യുന്നവരുടെ സൗകര്യാര്‍ത്ഥം മുന്‍കാലത്തുള്ള ചില മഹാന്മാര്‍ ചെയ്തു വെച്ച സേവനങ്ങളത്രെ ഇതെല്ലാം. പൂര്‍വ്വ മുസ്‌ലിംകള്‍ ക്വുര്‍ആനെ സംബന്ധിച്ച് എത്രമാത്രം ഗൗനിച്ചുവന്നിരുന്നുവെന്നും, ജനങ്ങള്‍ ആ ഗ്രന്ഥം എത്രത്തോളം ഉപയോഗപ്പെടുത്തി വന്നിരുന്നുവെന്നും ഇതില്‍ നിന്നൊക്കെ ഗ്രഹിക്കാവുന്നതാണ്.

അവലംബം: വിശുദ്ധ ഖുര്‍ആന്‍ വിവരണം
മുഹമ്മദ്‌ അമാനി മൗലവി


Tuesday, 20 May 2014

BEFOR THE DEATH

 Maranam varunnathinu munb chinthikkenda karyangal